പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. സെനറ്റ് ചെയര്‍മാന്‍ സാദിഖ് സംജ്റാനിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്തതിനാലാണ് സെനറ്റ് ചെയര്‍മാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ഷഹബാസ് ഷെരിഫിനെ തെരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പില്‍ 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് അധികാരം പിടിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു.