എണ്ണ ഉല്‍പാദനം കൂട്ടില്ല; ബൈഡന്റെ ആവശ്യം നിരാകരിച്ച്‌ സൗദിയും യു.എ.ഇയും

സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്.

വാള്‍സ്‌സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉക്രൈന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുന്നതും എണ്ണവില കുതിച്ചുയരുന്നതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു വൈറ്റ്ഹൗസ് ടെലിഫോണ്‍ സംഭാഷണത്തിന് ശ്രമിച്ചത്. എന്നാല്‍ പ്രസിഡന്റുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതിനുള്ള യു.എസിന്റെ അഭ്യര്‍ത്ഥന സൗദിയുടെയും അബുദാബിയുടെയും നേതാക്കള്‍ നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും വലിയ എണ്ണ നിര്‍മാതാക്കളാണ് സൗദിയും യു.എ.ഇയും. റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ച് എണ്ണവില ഉയരുന്നതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നതാണ് യു.എസിന്റെ ആവശ്യം.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദും കഴിഞ്ഞയാഴ്ച സംസാരിച്ചിരുന്നു.

https://www.wsj.com/articles/saudi-emirati-leaders-decline-calls-with-biden-during-ukraine-crisis-11646779430