യമനിൽ സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിച്ചു. റംസാൻ മാസത്തിന് മുന്നോടിയായി ബുധൻ രാവിലെ ആറുമുതലാണ് വെടിനിർത്തൽ. ചൊവ്വാഴ്ച നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ ഹൂതികൾ തള്ളിക്കളഞ്ഞിരുന്നു.
സന വിമാനത്താവളത്തിലും രാജ്യത്തെ തുറമുഖങ്ങളിലും സൗദി സഖ്യം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കാതെ വെിടിനിർത്തൽ അംഗീകരിക്കാനാകില്ലെന്നാണ് ഹൂതികളുടെ നിലപാട്. സൗദി അറേബ്യൻ യുദ്ധം ചർച്ചചെയ്യാൻ ഗൾഫ് സഹകരണ കൗൺസിൽ വിളിച്ച യോഗവും ഹൂതികൾ ബഹിഷ്‌കരിച്ചു. റിയാദിൽ നടക്കുന്ന ഉച്ചകോടിയിൽ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയാണ് പങ്കെടുക്കുന്നത്. ഏഴിന് അവസാനിക്കും.
സൗദി അറേബ്യയും സഖ്യകക്ഷികളും 2015 മാർച്ച് മുതൽ ഹൂതികളെ പുറന്തള്ളാനും അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ ഗവൺമെന്റിനെ പുനഃസ്ഥാപിക്കാനും പോരാടുകയാണ്. യുദ്ധം രക്തരൂക്ഷിതമായ പ്രതിസന്ധിയിലേക്ക് മാറുകയും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. അതെ സമയം സമാധന ചർച്ചകളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് തടവുകാരുടെ മോചനമാണ്. സൗദിയും സഖ്യരാജ്യങ്ങളും സേനയെ പിൻവലിച്ച് യമന്‍ വിടണമെന്നാണ് ഹൂതികളുടെ ആവശ്യം. 16 സൗദി അറേബ്യൻ പൗരന്മാരും മൂന്ന് സുഡാൻ പൗരന്മാരും ഉള്‍പ്പെടെ 823 സർക്കാർ അനുകൂലികളായ തടവുകാർക്ക് പകരമായി 1400 ഹൂതി യുദ്ധ തടവുകാരെ മോചിപ്പിക്കാനുള്ള കരാറിലേക്ക് എത്തിയാതി ഹൂതി വിമതർ പറഞ്ഞിരുന്നു. 2020 ഒക്ടോബറിലാണ് അവസാനമായി ഇരുപക്ഷവും തടവുകാരെ കൈമാറ്റം ചെയ്തത്. അന്ന് 1056 തടവുകാരെയാണ് ഇരു പക്ഷവും കൈമാറിയത്.