സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു; എംബസികൾ തുറക്കാനും, വിസ അനുവദിക്കാനും ധാരണ

അറേബ്യൻ മേഖലക്കിത് സുവർണ നിമിഷം. ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷം സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിച്ചു.ഇരു രാജ്യങ്ങളിലേയും നയതന്ത്രകാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സുപ്രധാന തീരുമാനം സൗദിയും ഇറാനും കൈക്കൊണ്ടു. ജിദ്ദയിലേയും മഷാദിലേയും കൗണ്‍സുലേറ്റുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തി്ക്കുന്നതിനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസ്സിന്‍ അമീറബ്ദുള്ളാഹ്യാനും ബെയിജിങ്ങില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനം എടുത്തത്. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തശേഷം ചർച്ചയ്ക്കിരിക്കുന്നതിന്റെ ദൃശ്യം ഇറാനിലെ ടിവി സംപ്രേഷണം ചെയ്തിരുന്നു.

നേരത്തെ ഇരു നേതാക്കളും ചൈനയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങിയത്. ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിന്റെ ആതിഥേയത്വത്തിലാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ച്ക്ക് ശേഷം സൗദി, ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

ഇതോടു കൂടി സൗദിയിലേയും ഇറാനിലേയും പൗരന്‍മാര്‍ക്ക് പരസ്പരം വിസ അനുവദിക്കാനും, ഇരു രാജ്യങ്ങള്‍ക്കിടയിലും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. സൗദിയും ഇറാനും തമ്മില്‍ രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സുരക്ഷാ, സാമ്പത്തിക, സഹകരണ കരാര്‍ നടപ്പിലാക്കാനും നിര്‍ണായക ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.