‘മോചിപ്പിക്കപ്പെട്ട ബന്ദികൾ നന്ദി പറഞ്ഞില്ല’; സാറ നെതന്യാഹുവിന്റെ പരാമർശം വിവാദമാകുന്നു

ഹമാസിന്റെ തടവിൽ നിന്ന് മോചിതരായ നൂറിലധികം ബന്ദികൾ തന്നോടും ഭർത്താവിനോടും വേണ്ടത്ര നന്ദി പ്രകടിപ്പിച്ചില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിന്റെ പരാമർശം വിവാദമാകുന്നു. ഇസ്രായേൽ ന്യൂ ചാനലായ ന്യൂസ് 12 ആണ് സാറയുടെ പ്രസംഗം പുറത്ത് വിട്ടത്. “എത്ര ബന്ദികൾ തിരിച്ചെത്തിയെന്ന് നിങ്ങൾ കണ്ടോ? അവർ ഞങ്ങളോട് നന്ദി നന്ദി പോലും പറഞ്ഞില്ല’’ -എന്നാണ് സാറ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതെ സമയം സാറയുടെ പരാമർശത്തിനെതിരെ ബന്ദികളും തടവിലുള്ളവരുടെ ബന്ധുക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദികളെ തിരികെ കൊണ്ടുവന്നതിന് സാറ നെതന്യാഹു ഉത്തരവാദിയാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ബന്ദിയായ മതൻ സങ്കൗക്കറുടെ മാതാവ് ഐനവ് പരിഹസിച്ചു. ‘എന്റെ മകൻ മതനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം അവൾ ഏറ്റെടുക്കുകയാണെങ്കിൽ ഞാൻ സന്തോഷവതിയാണ്. മാതനെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അവൾക്കാണെങ്കിൽ അതിലും ഞാൻ സന്തോഷവതിയാണ്” അവർ മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം സാറ നെതന്യാഹു ബന്ദികളെയോ, അവരുടെ കുടുംബങ്ങളെയോ അപമാനിച്ചിട്ടില്ലെന്നു നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. റിപ്പോട്ടുകളെല്ലാം നുണകളും, വ്യാജവുമാണെന്നു ഓഫീസ് ആരോപിച്ചു.

ഒക്ടോബർ 7 ന് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ള 253 പേരിൽ 105 സിവിലിയന്മാരെ നവംബറിൽ ഹമാസ് വിട്ടയച്ചിരുന്നു. മൂന്ന് ബന്ദികളെ ഐ ഡി എഫ് മോചിപ്പിക്കുയും, 11 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. 130 പേര് ഇപ്പോഴും തടവിലാണ്.