ആഭ്യന്തര കലാപം രൂക്ഷം; സുഡാനിൽ 56 പേർ കൊല്ലപ്പെട്ടു, അറുന്നൂറോളം പേർക്ക്‌ പരിക്ക്

ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ 56 പേർ കൊല്ലപ്പെട്ടു. അറുന്നൂറോളം പേർക്ക്‌ പരിക്കേറ്റു. സൈന്യവും അർധസൈനിക വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ ഞായർ പുലർച്ചെ തലസ്ഥാനമായ ഖാർത്തൂമിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന വിമാനത്താവളമടക്കം നിയന്ത്രണത്തിലാക്കിയെന്ന്‌ അവകാശപ്പെട്ട അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ‌എസ്‌എഫ്) കേന്ദ്രങ്ങളിൽ സൈന്യം തുടർച്ചയായി വ്യോമാക്രമണം നടത്തി.

സംഘർഷം അവസാനിക്കുന്നതുവരെ വീടിന്‌ പുറത്തിറങ്ങരുതെന്ന്‌ ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകി. ഏറ്റുമുട്ടലിൽ ഖാർത്തൂമിലെ പല വീടുകളും ഭാഗികമായി തകർന്നു. റിയാദിലേക്ക് പുറപ്പെടാനിരിക്കെ സൗദി വിമാനത്തിന് ഖാര്‍ത്തൂമിൽ വച്ച്‌ വെടിയേറ്റു. ഇതോടെ പല രാജ്യങ്ങളും സുഡാനിലേക്കുള്ള സർവീസ്‌ നിർത്തി. റോഡ്‌ ഗതാഗതം പൂര്‍ണമായി നിലച്ചു. നഗരത്തിൽ കലാപകാരികൾ നടത്തിയ വെടിവയ്‌പിൽ വൻ പുക ഉയർന്നു. യുഎൻ ഭക്ഷ്യ ഏജൻസിയിലെ മൂന്ന്‌ പേർ കൊല്ലപ്പെട്ടെന്ന്‌ യുഎൻ വ്യക്തമാക്കി. ഏജൻസി സുഡാനിൽ പ്രവർത്തനം താൽക്കാലികമായി നിർത്തി. അമേരിക്കയും ബ്രിട്ടനും ചൈനയുമടക്കമുള്ള രാജ്യങ്ങൾ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തി. കഴിഞ്ഞ ദിവസം സൗദി വിമാനത്തിനു വെടിയേറ്റതിനെ തുടർന്നു സുഡാനിൽ വ്യോമഗതാഗതം നിർത്തിവച്ചിരുന്നു.

അതെ സമയം സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പുറത്തിറങ്ങരുതെന്നും, ബാൽക്കണി പോലുള്ള തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതണമെന്നും മുന്നറിയിപ്പുണ്ട്.