യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ് റഷ്യയുടെ നിലപാട്. ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പുടിൻ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചർച്ചയാവാം എന്നുമാണ് മോസ്കോയുടെ ഏറ്റവും പുതിയ നിലപാട്. ചർച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പ്രസിഡൻ്റ ഷീജിൻ പിങിനെ അറിയിച്ചുവെന്നാണ് ചൈന അൽപസമയം മുൻപ് വ്യക്തമാക്കിയത്.
സമ്പൂർണ നിരായുധീകരണത്തിന് യുക്രൈൻ തയ്യാറവണമെന്നും പ്രതിരോധതലത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് യുക്രൈൻ പ്രസിഡൻ് സെലൻസ്കിയുടെ നിലപാട്. റഷ്യ ചർച്ചകളോട് മുഖം തിരിക്കുകയാണെന്നുംനേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
അതെ സമയം യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻ സൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കൾ കിയവിലെ നഗരമധ്യത്തിലുള്ള പാർലമെന്റിന്റെ ഒൻപത് കി.മീറ്റർ ദൂരത്തുള്ള ഒബലോൺ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നം ട്വീറ്റിൽ ആവശ്യപ്പെട്ടു. കിയവിന്‍റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.