റഷ്യ- യുക്രൈൻ യുദ്ധത്തിന് ഒരാണ്ട്; ബൈഡൻ യുക്രൈനിൽ

റഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരാണ്ട് തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആദ്യമായി യുക്രൈൻ സന്ദർശിച്ചു. തിങ്കളാഴ്‌ച കീവിലെത്തിയ ബൈഡനെ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി സ്വീകരിച്ചു. യുക്രയ്‌നുള്ള അമേരിക്കയുടെ പിന്തുണ ബൈഡൻ ആവർത്തിച്ച് പ്രഖ്യാപച്ചു. ഉക്രയ്‌ൻ ദുർബലമാണെന്നും പാശ്‌ചാത്യരാജ്യങ്ങൾ ഭിന്നിക്കപ്പെട്ടെന്നുമുള്ള റഷ്യയുടെ കണക്കുകൂട്ടൽ തെറ്റാണെന്നും ബൈഡൻ പറഞ്ഞു. 50 കോടി ഡോളറിന്റെ പ്രത്യേക സഹായവും ബൈഡൻ പ്രഖ്യാപിച്ചു.ബൈഡന്റെ സന്ദർശനം ചരിത്രപരമായി പ്രാധാന്യമുള്ളതാണെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും സെലൻസ്‌കി പ്രതികരിച്ചു. ബൈഡന്റെ സന്ദര്‍ശനം യുക്രൈന്‍ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യൂണിക്കിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ ഉക്രയ്‌നെതിരായ റഷ്യന്‍ നീക്കത്തെ മാനവരാശിക്കെതിരായ കുറ്റകൃത്യമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. ബൈഡന്റെ സന്ദർശനത്തോടെ പ്രശ്നം കൂടുതൽ സങ്കീർണമായേക്കും എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. സ്ഥിതി​ഗതികൾ കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചിരുന്നു. അതേസമയം, വിഷയത്തിൽ തൽക്കാലം ഇടപെടില്ലെന്ന് നിലപാട് ആണ് ചൈനയുടേത്.