യുക്രൈനിലെ ചില പ്രദേശങ്ങൾ റഷ്യയോട് ചേർക്കാനൊരുങ്ങി പുടിൻ; ഹിതപരിശോധന പൂര്‍ത്തിയായി

ജനഹിതപരിശോധനയ്ക്ക് ശേഷം യുക്രൈനിന്റെ ചില പ്രദേശങ്ങൾ (15 ശതമാനം) റഷ്യയോട് ഔപചാരികമായി കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറെടുക്കുന്നു. യുക്രെയ്നിലെ നാല് റഷ്യന്‍ നിയന്ത്രിത മേഖലകളില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായിരിക്കുകയാണ്. സെപ്തംബറിൽ യുക്രേനിയൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചപ്പോൾ റഷ്യ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഹിതപരിശോധന നടക്കുന്നത്. സെപ്റ്റംബർ 30ന് പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോൾ പുടിൻ റഷ്യൻ ഫെഡറേഷനിലെ അധിനിവേശ പ്രദേശങ്ങളുടെ പുതിയ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഹിതപരിശോധന നടന്ന സപൊറീഷ്യയിൽ 93 ശതമാനം ആളുകൾ റഷ്യയിൽ ചേരുന്നതിനെ അനുകൂലിച്ചെന്നാണ്‌ റഷ്യൻ അധികൃതർ നൽകുന്ന റിപ്പോർട്ട്‌. ഖെർസണിൽ 87 ശതമാനം പേർ അനുകൂലിച്ചു. കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായ ലുഹാൻസ്ക്‌, ഡൊണെട്സ്ക്‌ എന്നിവിടങ്ങളിൽ യഥാക്രമം 98ഉം 99ഉം പേർ പിന്തുണച്ചു. ലുഹാൻസ്ക്‌, ഖെർസൺ എന്നിവിടങ്ങളിലെ ഭരണനേതൃത്വം തങ്ങളെ റഷ്യയുടെ ഭാഗമാക്കാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഉക്രയ്‌ന്റെ തുടർ അതിക്രമങ്ങളും വംശഹത്യാ ഭീഷണിയുമാണ്‌ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ഡൊണെട്സ്ക്‌, സപൊറീഷ്യ മേഖലകൾ ഉടൻതന്നെ ഔദ്യോഗികമായി ആവശ്യം ഉന്നയിക്കും.

എന്നാൽ, ഹിതപരിശോധന അംഗീകരിക്കാനാകില്ലെന്നാണ്‌ യുക്രൈന്റെ നിലപാട്‌. ഹിതപരിശോധനയ്ക്കെതിരെ പ്രമേയം പാസാക്കാൻ രക്ഷാസമിതിക്ക്‌ ശുപാർശ ചെയ്യുമെന്ന്‌ യുഎന്നിലെ അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ്‌ പറഞ്ഞു.
റഷ്യക്കെതിരെ കൂടുതൽ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്ന്‌ യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഊർസുല വോൺ ഡെർ ലെയ്‌ൻ ആവശ്യപ്പെട്ടു.