യുക്രൈനിൽ കൂടുതൽ നഗരങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിച്ച് റഷ്യ. ലുറ്റ്‌സ്‌ക്, ഇവാനോ ഫ്രാൻകിവ്‌സ്‌ക്, നിപ്രോ നഗരങ്ങളിലാണ് സൈനിക നടപടി ആരംഭിച്ചത്. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിന് അഞ്ചു കിലോമീറ്റർ അടുത്തെത്തി..കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ വെള്ളിയാഴ്‌ച 12 മാനുഷിക ഇടനാഴികൾ തുറന്നെന്ന് ഉപപ്രധാനമന്ത്രി ഐറിന വെരെഷ്‌ചുക് പറഞ്ഞു. മരിയൂപോളിലേക്ക് സിപോസിയ വഴി സഹായമെത്തിക്കും. വോൾനോവാഖയിൽനിന്ന് അഭയാർഥികൾ എത്തുന്നത് സിപോസിയിലാണ്.
യുക്രൈനിൽ അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ ജൈവായുധങ്ങൾ നിർമിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. എന്നാൽ യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി ഇക്കാര്യം നിഷേധിച്ചു.ഇതിനിടയിൽ മെലിറ്റോപോള്‍ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രൈന്‍ അറിയിച്ചു. മേയര്‍ ഇവാന്‍ ഫെഡൊറോവിനെ കഴിഞ്ഞ ദിവസം റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചത്.
ഇരുപത്തഞ്ച് ലക്ഷം പേർ ഇതുവരെ ഉക്രയ്‌നിൽനിന്ന് പലായനം ചെയ്തതായി യുഎൻ അഭയാർഥി ഹൈക്കമീഷൻ അറിയിച്ചു. ഉക്രയ്‌ൻ–- റഷ്യ സംഘർഷത്തെതുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വില എട്ടു ശതമാനംമുതൽ 20 ശതമാനംവരെ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎൻ ഭക്ഷ്യ ഏജൻസി പറഞ്ഞു.