ഏറ്റവും വലിയ ഭീഷണി ചൈന: ഋഷി സുനക്‌

ബ്രിട്ടനും ലോകസുരക്ഷയ്ക്ക്‌ ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ്‌ ചൈനയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിപദത്തിനായി മത്സരരം​ഗത്തുള്ള ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്‌. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസുരക്ഷയ്ക്കായി നാറ്റോ മാതൃകയിൽ പുതിയ വിശാല ചൈനാവിരുദ്ധ സൈനികസഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന 30 കൺഫ്യൂഷ്യസ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെ ചൈനീസ്‌ വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളെല്ലാം പൂട്ടിക്കുമെന്നും പ്രഖ്യാപിച്ചു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം.

അതെ സമയം ലിസ് ട്രസോ, റിഷി സുനകോ, ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. ഫൈനൽ റൗണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇന്ന് എംപിമാർക്ക് ഇടയിൽ നടന്ന വോട്ടെടുപ്പിൽ റിഷി സുനക് 137 വോട്ട് നേടി. ലിസ് ട്രസിനെ 113 എംപിമാർ പിന്തുണച്ചു. 105 എംപിമാരുടെ മാത്രം പിന്തുണ നേടിയ മുൻ മന്ത്രി പെന്നി മോഡന്റ് പുറത്തായി. റിഷി സുനക് ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും അദ്ദേഹം.