ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടക്കുന്ന ചർച്ചകൾ ഫലം കാണുന്നില്ലെന്ന്‌ ഖത്തർ

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടക്കുന്ന ചർച്ചകൾ ഫലം കാണുന്നില്ലെന്ന്‌ മധ്യസ്ഥരായ ഖത്തർ. മ്യൂണിക്കിൽ സുരക്ഷാ ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽ താനിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. ””കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവ വികാസങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല, പക്ഷേ, ഞാൻ എപ്പോഴും ആവർത്തിക്കുന്നതുപോലെ, ഞങ്ങൾ എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസികളായി തുടരും, എല്ലായ്പ്പോഴും മുന്നോട്ട് പോകും,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്നും എന്നാൽ മുൻകാല ഇടപാടുകളിൽ ഗാസയിലെ മാനുഷിക സാഹചര്യങ്ങളും ഹമാസ് ബന്ദികളാക്കിയതിന് പകരമായി മോചിപ്പിക്കപ്പെടുന്ന ഫലസ്തീനികളുടെ എണ്ണവും അടക്കം നിരവധി ഘടകങ്ങൾ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം ഹമാസിന്റെ ആവശ്യം യാഥാർഥ്യബോധമില്ലാത്തതാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ അഭ്യർഥനപ്രകാരമാണ്‌ പ്രതിനിധിസംഘത്തെ ചർച്ചയ്ക്ക്‌ അയച്ചതെന്നും ഇനിയും സംഘത്തെ അയക്കേണ്ടതിന്റെ ആവശ്യമില്ലെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന്‌ സ്വതന്ത്ര രാഷ്ട്ര പദവിയെന്ന അന്താരാഷ്ട്ര ആവശ്യം സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ മന്ത്രിസഭ ഔദ്യോഗിക പ്രസ്താവനയുമിറക്കി.

വടക്കൻ ഗാസയിലെ അൽശിഫ ആശുപത്രിയിൽ നടത്തിയ സൈനികനടപടിക്കു സമാനമായി തെക്കൻ ഗാസയിലെ പ്രധാന ആശുപത്രിയായ ഖാൻ യൂനിസിലെ നാസറിലും ഇസ്രയേൽ ക്രൂരത തുടരുകയാണ്. ആശുപത്രിക്കകത്തേക്ക് ഇരച്ചുകയറിയ സൈന്യം വാർഡുകളിൽക്കയറി കണ്ണിൽക്കണ്ടവരെയെല്ലാ വെടിവെച്ചു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതോടെ വെന്റിലേറ്ററിലുണ്ടായിരുന്ന അഞ്ചു രോഗികൾ മരിച്ചു. ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത ആശുപത്രിയിൽ ഇപ്പോഴും 200 രോഗികളുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. പരിചരിക്കാൻ ആകെയുള്ളത്‌ നാല്‌ ആരോഗ്യപ്രവർത്തകരും. അതിനിടെ, വെസ്റ്റ്‌ ബാങ്കിൽ ഞായറാഴ്ച രണ്ട്‌ പലസ്തീൻകാരെ സൈന്യം വെടിവച്ച്‌ കൊന്നു