ആന്‍ഡ്രൂസ് സിംഹാസന ഹാൾ സാക്ഷി; അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു

അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി വ്ലാഡിമിർ പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു. അടുത്ത ആറ് വര്‍ഷം കൂടി പുടിന്‍ ഭരണത്തില്‍ തുടരുമെന്ന് റഷ്യയുടെ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ അറിയിച്ചു. ക്രെംലിന്‍ കൊട്ടാരത്തിലെ സെന്റ് ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. തെരഞ്ഞെടുപ്പില്‍ 87.8 ശതമാനം വോട്ട് നേടിയാണ് 71 കാരന്‍ പുടിന്‍ അഞ്ചാമൂഴത്തില്‍ അധികാരമുറപ്പിച്ചത്.

ജോസഫ് സ്റ്റാലിനുശേഷം റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിക്കുന്ന നേതാവെന്ന റെക്കോര്‍ഡ് അദേഹത്തിന് സ്വന്തമാകും. പുടിന്‍ 1999-2000, 2008-2012 കാലത്ത് പ്രധാനമന്ത്രിയും 2000-2008 കാലത്തും 2012 മുതലും പ്രസിഡന്റാണ്. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകൾ റഷ്യ നേരിടുന്നതിനിടെയാണ് പുടിൻ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുന്നത്. റഷ്യയെ നയിക്കുന്നത് വിശുദ്ധ കർമ്മമാണെന്ന് സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പുടിൻ പറഞ്ഞു. പുടിന്റെ സത്യാ പ്രതിജ്ഞ ചടങ്ങിൽ നിന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടുനിന്നു.