ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി പുടിൻ

റഷ്യയിലെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ നയവുമായി റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. ജോലിസ്ഥലത്ത് ഉച്ചഭക്ഷണ സമയത്തും കാപ്പിയുടെ ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുടിൻ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് 1.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്‌ രാജ്യത്തെ ആശങ്കയിലാക്കുന്നുവെന്നും പുടിൻ പറഞ്ഞു. റഷ്യൻ ജനതയുടെ സംരക്ഷണത്തിനാണ്‌ സർക്കാർ മുൻഗണന നൽകുന്നതെന്ന്‌ പുടിൻ മുമ്പ്‌ പറഞ്ഞിരുന്നു. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും പുടിൻ പറഞ്ഞു.

ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു. ജോലിയിലെ ഇടവേളകള്‍ ജനങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും ഇടവേളകളില്‍ ‘കുടുംബം വിപുലീകരിക്കുന്നതില്‍’ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.