ജി-7 ഉച്ചകോടി; ഇന്ത്യ-മിഡിൽ ഈസ്റ്റ്‌ – യൂറോപ്പ്‌ സാമ്പത്തിക ഇടനാഴിയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ത്യ– മിഡിൽ ഈസ്റ്റ്‌ – യൂറോപ്പ്‌ സാമ്പത്തിക ഇടനാഴിയെ (ഐഎംഇസി) ജി 7 ഉച്ചകോടി പ്രോൽസാഹിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലൂടെ സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക, യൂറോപ്പ്‌ എന്നീ രാജ്യങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയുമായും മറ്റ് രാഷ്ട്രതലവന്മാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. വിവിധ രാഷ്ട്ര തലവൻമാരുമായുള്ള ചർച്ചയിൽ ദില്ലിയിലെ ജി 20 യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നതല സംഘവും പ്രധാനമന്ത്രിയെ ഉച്ചകോടിയിൽ അനുഗമിക്കുന്നുണ്ട്.

ഇന്തോ പസഫിക്‌ മേഖലയിൽ ഇന്ത്യ ഉന്നയിക്കുന്ന പ്രശ്നങ്ങളും, കുടിയേറ്റവും, യുക്രൈനെ സഹായിക്കാനുള്ള തീരുമാനവും ഉച്ചകോടിയുടെ ഭാഗമായുണ്ടായി. വഷളായിക്കൊണ്ടിരിക്കുന്ന  ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടു.ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യന്‍ യൂണിയന്റെ നേതാക്കളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീല്‍, തുര്‍ക്കി, അള്‍ജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു