ജോ ബൈഡന്‍-കമല ഹാരിസ് ഭരണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജോ ബൈഡന്‍-കമല ഹാരിസ് ഭരണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് കമല ഹാരിസുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളില്‍ മികച്ച സഹകരണമാണുള്ളത്. കോവിഡ് രണ്ടാം തരംഗത്തില്‍ യുഎസ് നല്‍കിയ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് വൈസ് പ്രസിഡന്റായ ശേഷം മോദിയുമായി നടത്തിയ ആദ്യ ഉഭയകക്ഷി ചർച്ചയാണിത്. ഇന്ത്യയില്‍ വേരുകളുള്ള കമല ഹാരിസിനെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സൂഗയുമായും മോദി പ്രത്യേകം ചർച്ച നടത്തി. 5ജി സാങ്കേതിക വിദ്യയിൽ ഇന്ത്യയുമായി സഹകരിക്കാൻ ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ താൽപര്യം പ്രകടിപ്പിച്ചു. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കുന്നത് അഡോബി സിഇഒ ശന്തനു നാരായണുമായുള്ള ചർച്ചയിൽ ഉയർന്നുവന്നു.