അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; അഞ്ച് കരാറുകൾ ഒപ്പുവെച്ചു

ഇന്ത്യ സന്ദർശനത്തിന് എത്തിയ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ചർച്ച നടത്തി. ഇന്ത്യ-യു.എ.ഇ ബഹുമുഖ ബന്ധത്തെക്കുറിച്ചും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. അഞ്ച് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പിന്നീട് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്.

‘തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഡല്‍ഹിയിലെത്തി. പിയൂഷ് ഗോയല്‍ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നല്‍കുകയും ചെയ്തു. ചരിത്രപരമായ ബന്ധത്തിലെ ഒരു പുതിയ നാഴികകല്ലാണിത്’, എംഇഎ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം കിരീടാവകാശി രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

അബുദാബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ദീർഘകാല എൽഎൻജി വിതരണത്തിനുള്ള കരാർ, എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനിയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള കരാർ അടക്കം നിരവധി പ്രധാന ഇടപാടുകൾക്ക്‌ ഇനി തിരി തെളിയും.