‘ഭാവി സഹകരണം ശക്തമാക്കും’; പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ

യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്.ഭാവി സഹകരണം ശക്തമാക്കും എന്ന് മോദി വ്യക്തമാക്കി. വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുന്നത് കൂടിക്കാഴ്ചയില്‍ ചർച്ചയായി. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ മുൻ നാവികരെ ഖത്തർ വിട്ടയച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.

ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യ-ഖത്തർ സൗഹൃദം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചർച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.