പ്രാ​ഗിൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

ചെക് റിപ്പബ്ലികിലെ പ്രാ​ഗിൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടുകയും, 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് വെടിവയ്പ്പ് നടന്നത്.

ആക്രമിയെ പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. ഇരുപത്തിനാലുകാരനായ ചരിത്ര വിദ്യാർത്ഥി ഡേവിഡ് കൊസാക്ക് ആണ് യൂണിവേഴ്‌സിറ്റിയിൽ ആക്രമണം നടത്തിയത്. 24 കാരനായ ഡേവിഡ് കൊസാക്ക് പ്രാഗിന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ആണ് താമസിക്കുന്നത്, ചാൾസ് സർവകലാശാലയിൽ പോളിഷ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ കൊസാക്ക് മികച്ച വിദ്യാർത്ഥി ആയിരുന്നെന്നും പോലീസ് പറയുന്നു. ലൈസൻസ് ഉള്ള നിരവധി തോക്കുകൾ കൈവശം വച്ചിരുന്ന ഇയാൾ മുൻകൂട്ടി പ്ലാൻ ചെയ്ത പദ്ധതി ആണിതെന്നും അധികൃതർ വ്യക്തമാക്കി.

അതെ സമയം സംഭവത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കെട്ടിടത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 3.40ഓടെയാണ് വെടിവയ്പ്പ് നടന്നത്. തോക്കുമായി സർവകലാശാലയിലെത്തിയ പ്രതി വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 10ഓളം പേരുടെ നില ​ഗുരുതരമാണ്. ആക്രമണത്തിനു ശേഷം കൊസാക് സ്വയം വെടിവച്ചതായും പൊലീസ് വെടിവച്ചു കൊന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇയാളുടെ പിതാവിനെ ആക്രമണത്തിനു മുമ്പ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പിതാവിനെയും ഇയാൾ തന്നെയാണോ കൊലപ്പെടുത്തിയത് എന്ന അന്വേഷണം നടക്കുകയാണ്. ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.