ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് വിടചൊല്ലി വിശ്വാസി സമൂഹം

ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് വിടചൊല്ലി വിശ്വാസി സമൂഹം. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിൽ ഫ്രാൻസിസ്‌ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന കബറടക്ക ശുശ്രൂഷയില്‍ അരലക്ഷത്തോളം പേര്‍ സാക്ഷിയായി.ജോൺ പോൾ മാർപപ്പയെ ആദ്യം സംസ്കരിച്ച കല്ലറയിലാണ്‌ ബെനഡിക്ട്‌ പതിനാറാമനെയും കബറടക്കിയത്‌. വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ജോണ്‍ മാർപാപ്പയുടെ ശരീരാവശിഷ്ടങ്ങൾ ബസിലിക്കയുടെ പ്രധാന ഭാഗത്തേക്ക്‌ മാറ്റിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചുവന്ന വസ്ത്രം ധരിച്ച കര്‍ദ്ദിനാള്‍മാരും കന്യാസ്ത്രീകളും വൈദികരും 50000- ഓളം വിശ്വാസികളും സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയിരുന്നു.

സൈനിക സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ജനനം 1927 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായിരുന്നു അദ്ദേഹം. യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം 1945 ലാണ് സെമിനാരി ജീവിതം ആരംഭിക്കുന്നത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962 ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി അദ്ദേഹം പേരെടുത്തു. 1977 ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും. 1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി.