യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്.
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേക്ക് മടങ്ങും വഴി തന്റെ ഔദ്യോഗിക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ”കുടിയേറ്റക്കാരെ നാടുകടത്തുന്നത് വലിയ തിന്മയാണെന്നും ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്നും അതിനാല്‍ അമേരിക്കയിലെ കത്തോലിക്കരോട് ‘ഏറ്റവും ചെറിയ തിന്മ’യെ തെരഞ്ഞെടുക്കാനാണ് താന്‍ ആഹ്വാനം ചെയ്യുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്നും പാപ്പ ഓർമ്മപ്പെടുത്തിയിരുന്നു.