‘കാനി’ൽ പുതു ഇന്ത്യൻ ചരിത്രം; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം

2024 കാന്‍ ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. 22 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്‌.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. രണ്‍ബീര്‍ ദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പായൽ സംവിധാനം ചെയ്ത ‘എ നൈറ്റ് നോയിങ് നത്തിങ്’ എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ​ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്.