ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) സ്ഥാനം ജാക്ക് ഡോര്‍സി രാജിവച്ചു. പരാഗ് അഗര്‍വാളാകും ജാക്കിന്റെ പകരക്കാരനായെത്തുക. ജാക്ക് ഡോര്‍സി, പരാഗിന് കമ്പനിയുടെ അധികാരങ്ങള്‍ കൈമാറും. കഴിഞ്ഞ വര്‍ഷം മുതല്‍ ഡോര്‍സിയുടെ വിടവാങ്ങലിന് ട്വിറ്റര്‍ തയ്യാറെടുത്തിരുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്വിറ്റര്‍ നിരവധി പുതുമകള്‍ നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ തീരുമാനം.
പുതിയ സിഇഒ പരാഗ് അഗർവാൾ 2011ലാണ് ട്വിറ്ററിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസറാണ്. ഐഐടി ബോംബേയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാൻ പരാഗ് അനുയോജ്യനാണെന്നും പരാഗിൽ വിശ്വാസമുണ്ടെന്നും ജാക്ക് ഡോർസി തന്റെ വിടവാങ്ങൽ കത്തിൽ പറയുന്നു.
ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, അഗർവാൾ AT&T, Microsoft, Yahoo എന്നിവയിൽ ഗവേഷണ ഇന്റേൺഷിപ്പ് നടത്തിയിരുന്നു. ട്വിറ്ററിലായിരിക്കുമ്പോൾ, AI ഉപയോഗിച്ച് ഉപയോക്താക്കളുടെ ടൈംലൈനുകളിലെ ട്വീറ്റുകൾ അവർക്ക് കൂടുതൽ പ്രസക്തമാക്കുന്നതിനുള്ള പ്രോജക്റ്റുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി തുറന്നതും വികേന്ദ്രീകൃതവുമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനായി ട്വിറ്റർ പ്രഖ്യാപിച്ച പ്രൊജക്റ്റ് ബ്ലൂസ്‌കി എന്ന ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയിരുന്നതും അഗർവാൾ ആയിരുന്നു.