തുടരുന്ന വംശഹത്യ; പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ​ഇഷ്തയ്യ രാജിവെച്ചു

പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ​ഇഷ്തയ്യ. രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും തന്റെ കീഴിലുള്ള സർക്കാർ പിരിച്ച് വിട്ടതായും അദ്ദേഹം അറിയിച്ചു. ഗാസ മുനമ്പിലെ വംശഹത്യയും പട്ടിണിയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും ആക്രമങ്ങളുടെ വര്‍ധനയുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതെ സമയം രാജിയില്‍ ഫലസ്ഥീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചിട്ടില്ല.

പലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ക്ഷണിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്. 1954ല്‍ ഫലസ്തീനില്‍ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയില്‍ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗസ്സയുടെ പുനര്‍നിര്‍മാണമായിരിക്കും പുതിയ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. രാഷ്ട്രീയ നേതാക്കള്‍ക്കു പകരം വിവിധ രംഗങ്ങളില്‍ വിദഗ്ധരായ ഒരു സംഘത്തെ ചേര്‍ത്തായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരണമെന്നാണ് ഈജിപ്ത് മാധ്യമമായ ‘അശ്ശര്‍ഖുല്‍ ഔവ്സഥ്’ റിപ്പോര്‍ട്ട് ചെയ്തത്.