പാക്കിസ്ഥാനിൽ ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27കാരി; അത്യപൂർവം

പാകിസ്ഥാനിൽ ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി 27കാരി. അത്യപൂർവ പ്രസവത്തില്‍ 4 ആൺകുഞ്ഞുങ്ങളും 2 പെൺകുഞ്ഞുങ്ങളുമാണ് പിറന്നത്.റാവല്‍പിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. സീനത്ത്- വഹീദ് ദമ്പതികളാണ്, 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നില്‍ മാത്രം സംഭവിക്കുന്ന ഇത്തരമൊരു അസാധാരണത്വത്തിനു ഉടമകളായത്. സീനത്തിന്‍റെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ആദ്യത്തെ രണ്ട് കുട്ടികള്‍ ആണ്‍കുട്ടികളായിരുന്നു. പിന്നീട് പുറത്ത് വന്നത് ഒരു പെണ്‍കുഞ്ഞ്. പിന്നാലെ മറ്റ് കുട്ടികളും പുറത്ത് വന്നു. കുഞ്ഞുങ്ങളെ നിലവിൽ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. ചില സങ്കീർണതകൾ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തിൽ സന്തോഷമറിയിച്ചു.