അവിശ്വാസപ്രമേയത്തിന് മണിക്കൂറുകൾ മാത്രം, വൻ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അവിശ്വാസപ്രമേയത്തിന് തൊട്ടുതലേന്ന് വൻ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പാകിസ്ഥാൻ തെഹ്‌രീക്-എ-ഇൻസാഫ് പാർട്ടിയുടെ വൻറാലിയിലൂടെയായിരുന്നു ഇമ്രാന്‍റെ ശക്തിപ്രകടനം. വിദേശപണം ഉപയോഗിച്ച് തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇമ്രാൻ ആരോപിച്ചു. അതിന് തന്‍റെ പക്കൽ തെളിവായി ഒരു രേഖയുമുണ്ടെന്നാണ് ഇമ്രാൻ വെളിപ്പെടുത്തുന്നത്. ഒരു കടലാസ് യോഗത്തിൽ ഉയ‍ർത്തിക്കാണിച്ചായിരുന്നു ഇമ്രാന്‍റെ ആരോപണം. എല്ലാ തരത്തിലും പാകിസ്ഥാനേക്കാൾ മുന്നിൽ ഇന്ത്യയെത്താൻ കാരണം മുപ്പത് വർഷം പാകിസ്ഥാനെ ഭരിച്ചുമുടിച്ച മുന്നണികളാണെന്നും ഇമ്രാൻ ആഞ്ഞടിച്ചു.

പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 20 ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് തെഹ്‍രീക്-ഇ-ഇൻസാഫ് അവകാശപ്പെട്ടത്. അതെ സമയം പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‍ലിം ലീഗ്- നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റ് ഷഹബാസ് ഷെരീഫ്. പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷം നയിക്കുന്ന മെഹൻഗായ് മുഖാവോ മാർച്ചിൽ പങ്കുചേരാനും ഷെരീഫ് പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അഭ്യര്‍ത്ഥിച്ചു.

വിദേശ ഫണ്ടിങ് കേസില്‍ ഇമ്രാന്‍ഖാന്‍ അറസ്റ്റിലാകാനുള്ള സാധ്യതയുണ്ടെന്നതും പാക് സൈന്യത്തിന് ഇമ്രാൻഖാനിലുള്ള വിശ്വാസം നഷ്ടമായതും രാജി പ്രഖ്യാപനം നടത്തുമെന്ന സൂചനകള്‍ ശക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രൈംമിനിസ്റ്റർ ഇമ്രാന്‍ഖാന്‍ എന്ന യൂട്യൂബ് ചാനലിന്റെ പേരിൽനിന്ന് പ്രൈംമിനിസ്റ്റർ എന്നത് ഒഴിവാക്കി ഇമ്രാന്‍ഖാന്‍ എന്നു മാത്രമാക്കിയതും രാജി അഭ്യൂഹങ്ങൾക്കിടയാക്കി. 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദും സൂചന നൽകിയിട്ടുണ്ട്. വിശ്വാസ പ്രമേയം ഏപ്രിൽ നാലിന് വോട്ടിനിടുമെന്നും അദ്ദേഹം അറിയിച്ചു.