ബിൻലാദന്റെ മകൻ ഹംസ മരിച്ചിട്ടില്ല; ഒളിത്താവളത്തിൽ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നു -റിപ്പോർട്ട്

അൽഖാഇദ തലവൻ ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദിൻ ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്താനിൽ തീവ്രവാദ സംഘടനയെ നയിക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാനിൽ സഹോദരൻ അബ്ദുല്ല ബിൻ ലാദിനൊപ്പം ചേർന്നാണ് ഹംസ അൽഖാഇദയെ പുനഃസംഘടിപ്പിക്കുന്നത് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ മിറർ റിപ്പോർട്ട് ചെയ്തത്. ഒളിവിലിരുന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താനാണ് ഹംസയുടെയും സംഘത്തിന്റെയും പദ്ധതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ 2019 – ൽ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അല്‍ഖാഇദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) ആണ് യു എസ് വാഗ്ദാനം ചെയ്തിരുന്നത്.2011 മെയില്‍ പാകിസ്താനിലെ അബോട്ടാബാദില്‍ യുഎസ് പ്രത്യേക സുരക്ഷാസേനയാണ് ഉസാമ ബിന്‍ ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിറിയ എന്നിവിടങ്ങളിലായി ഹംസ ബിന്‍ ലാദന്‍ കഴിയുന്നതായും യുഎസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.