സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ

സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ. വ്യോമപാത എല്ലാ സിവിലിയന്‍ വിമാനക്കമ്പനികള്‍ക്കും തുറന്നു നല്‍കാന്‍ തീരുമാനിച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതോടെ സൗദി-ഒമാന്‍ ഇടനാഴി ഉപയോഗിച്ച് ഏഷ്യയിലേക്കുള്ള വിമാന സമയം ഗണ്യമായി കുറക്കാന്‍ ഇസ്രായേലി എയര്‍ലൈനുകള്‍ക്ക് കഴിയും. ട്വിറ്ററിൽ ആണ് ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

സിവിലിയന്‍ വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വിവേചനത്തിനെതിരെ അന്തര്‍ദേശീയവും പ്രാദേശികവുമായ ആവശ്യകതകള്‍ നടപ്പാക്കിക്കൊണ്ട് എല്ലാ വിമാനങ്ങള്‍ക്കും ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നിട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റിൽ പറഞ്ഞു. ഒമാനെ പോലെ ഇസ്രയേലുമായി ഔപചാരിക ബന്ധമില്ലാത്ത സൗദി അറേബ്യ, കഴിഞ്ഞ വേനല്‍ക്കാലത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. യുഎഇയിലേക്ക് സര്‍വീസിന് ഇത് സഹായിച്ചെങ്കിലും ഒമാന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് അറേബ്യന്‍ ഉപപെനിന്‍സുലയെ ഒഴിവാക്കി പോകേണ്ടിവന്നു.

ഒമാന്‍ തീരുമാനത്തില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ വ്യാഴാഴ്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന് നന്ദി പറഞ്ഞു. ഇസ്രയേലിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ക്കായി സൗദി വ്യോമപാത തുറക്കുന്ന കാര്യം കഴിഞ്ഞ വേനലില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. 2020-ല്‍ യുഎഇയും ബഹ്‌റൈനും ഇസേയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നു. സൗദിയുടെയും ഒമാന്റെയും വ്യോമപാത തുറക്കുന്നത് ഇസ്രായേല്‍ എയര്‍ലൈനുകളായ എല്‍ അല്‍, അര്‍ക്കിയ എന്നിവക്ക് പ്രയോജനം ചെയ്യും.