ശഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍

ശഹീൻ ചുഴലികറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു. ഒമാൻ സമയം വൈകുന്നേരം അഞ്ചിനും എട്ടിനുമിടയിൽ മുസന്നക്കും സഹത്തിനുമിടയിൽ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ മുന്നോടിയായുള്ള മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് ഒമാൻ പ്രതിരോധ മന്ത്രാലയം രംഗത്തുണ്ട്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒമാൻ പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചു.

ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് വിമാന സർവ്വീസ് താല്‍ക്കാലികമായി നിർത്തി വെച്ചത്. വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും

അല്‍ നഹ്ദ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. ശഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ.യിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശത്തേക്ക് ആളുകള്‍ പോകുന്നത് വിലക്കി. കനത്ത മഴയെ തുടര്‍ന്ന് ചില റോഡുകള്‍ അടച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റ് മുതല്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് വരെയുള്ള തീരദേശ റോഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു.