‘വിവിധ മേഖലകളിൽ സഹകരണം ലക്‌ഷ്യം’; സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സൗദി കിരീടവകാശി കൂടിക്കാഴ്ച്ച നടത്തി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ പുരോഗതിയും സുസ്ഥിരതയും നിലനിര്‍ത്താനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചിട്ടുള്ളതാണ് സൽമാന്റെ കൂടിക്കാഴ്ച്ചയെന്ന് സൗദി ന്യൂസ് ഏജൻസി റിപ്പോട്ട് ചെയ്തു. ഇന്ത്യയെക്കൂടാതെ യുഎസ്, യുഎഇ എന്നീ രാജ്യങ്ങളിലെ ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുമായും സൗദി കിരീടാവകാശി ബിന്‍ സല്‍മന്‍ ഞായറാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.ഞായറാഴ്ച്ച വൈകുന്നേരമാണ് ഇന്ത്യ, യുഎസ്, യുഎഇ എന്നിവിടങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെ സൗദി കിരീടാവകാശി സ്വീകരിച്ചത്.

സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പം യുഎഇ ദേശീയസുരക്ഷാ ഉപദേഷ്ടാവ് തനം ബിന്‍ സയിദ് അല്‍ നഹ്യാന്‍, യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജക്കി സുല്ലിവന്‍ എന്നിവർ പങ്കെടുത്തു. യോഗത്തില്‍ യുഎസിനെ പ്രതിനിധീകരിച്ച് ദേശീയസുരക്ഷാ ഉപദേഷ്ടാവിനെ കൂടാതെ മറ്റ് ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു.