യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് കിമ്മിന്റെ പൂർണ പിന്തുണ; സഹകരണം ശക്തമാക്കും

യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക-സൈനിക സഹകരണം കൂടുതൽ ഊർജിതമാക്കാനും അമേരിക്കൻ ഉപരോധത്തിനെതിരെ ഒന്നിച്ചു നിൽക്കാനും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. കിമ്മിനെ നന്ദിയറിയിച് പുടിൻ, റഷ്യക്കെതിരെ അമേരിക്ക നടപ്പാക്കുന്ന സാമ്രാജ്യത്വ നയങ്ങൾക്കെതിര പോരാടുമെന്നും വ്യക്തമാക്കി.

റഷ്യന്‍, ഉത്തരകൊറിയന്‍ സംഘ കൂടിക്കാഴ്ചയ്ക്കു ശേഷം പുടിനും ഉന്നും ഒറ്റയ്ക്കും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ പുതിയ തലത്തിലാണെന്നും റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഉന്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിട്ടുണ്ട്.

യുക്രെയ്നെതിരായ ആക്രമണത്തില്‍ റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരവധി കണ്ടെയ്നര്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഷിന്‍ വോണ്‍ സിക് വെളിപ്പെടുത്തിയത്. ഇതിന് പകരമായി റഷ്യ ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് നല്‍കുന്നുണ്ടെന്നും വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിസൈൽ നിർമ്മാണത്തിലും ചാര സാറ്റലൈറ്റുകളുടെ നിർമ്മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് കിം പുടിനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം.