ദീര്‍ഘദൂര കുതിരയോട്ട മത്സരത്തിലെ ആഗോള ചാമ്പ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ മലയാളിയായ നിദ അന്‍ജും ചേലാട്ടിന് ചരിത്രനേട്ടം. സീനിയര്‍ വിഭാഗത്തില്‍ വിജയകരമായി ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി ഇരുപത്തിരണ്ടുകാരിയായ മലപ്പുറം തിരൂര്‍ സ്വദേശിനിക്ക് സ്വന്തം. ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് ഇന്ത്യയുടെ കുതിരയോട്ട മത്സരചരിത്രത്തിലെ റെക്കോർഡ് നിദ സ്വന്തം പേരിലാക്കിയത്. . 160 കിലോമീറ്റർ ദൂരം പത്തുമണിക്കൂർ 23 മിനിറ്റിലാണ് ഇരുപത്തിരണ്ടുകാരി പൂർത്തിയാക്കിയത്. 12 വയസ്സുള്ള പെട്ര ഡെൽ റേയെന്ന പെൺകുതിരപ്പുറത്താണ് നേട്ടം.
,പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിന്‍റെ ഭാഗമാണ് കുതിരയോട്ടം. എന്നാൽ ഇന്ത്യക്കാർക്ക് ഈ കായികയിനം അത്ര പരിചിതമല്ല. അത് കൊണ്ട് തന്നെ കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് നിദ പങ്കെടുക്കാൻ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്‌റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ. . നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്. 73 കുതിരകൾ അയോഗ്യത നേടി പുറത്തായി.