വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്കോളാസ് മഡുറോ. തുടർച്ചയായ മൂന്നാം തവണയാണ് നിക്കോളാസ് മഡുറോ വെനസ്വേലയുടെ പ്രസിഡന്റാകുന്നത്. 51 ശതമാനം വോട്ടുകൾ നേടിയാണ് വിജയം. സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസിൻ 44 ശതമാനം വോട്ടുകൾ നേടി. 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഞായർ രാവിലെ ആറുമുതൽ 12 മണിക്കൂറായിരുന്നു തെരഞ്ഞെടുപ്പ്. 2.1 കോടി വോട്ടർമാർക്കായി 15,767 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. അതെ സമയം പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2013ൽ ക്യാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ഹ്യൂഗോ ഷാവേസിന്റെ എഴുപതാം ജന്മവാർഷികത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് എന്ന പ്രത്യേകതയുമുണ്ട്.
വെനസ്വേലയെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലേക്കു തള്ളിയിട്ടു എന്ന വികാരം മഡുറോയ്‌ക്കെതിരേ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്. എഡ്മണ്ടോ ഗോണ്‍സാല്‍വസിനു രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് യുവാക്കളടക്കം വിശ്വസിക്കുന്നതെന്നും പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു.