‘ഗാസയിൽ ആക്രമണം ഉടൻ അവസാനിപ്പിക്കും, ഇനി ലക്‌ഷ്യം ഹിസ്ബുള്ള’; ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ പിന്തുണ്ടയോടെയുള്ള ഹിസ്ബുള്ളയുടെ ആക്രമങ്ങളെ തടയുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണത്തിന്റെ തീവ്രഘട്ടം അവസാനിച്ചെന്നും നെതന്യാഹു മാധ്യങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പലസ്തീന് മേൽ ഹമാസിനുള്ള ആധിപത്യം അവസാനിപ്പിക്കുന്നത് വരെ ഗാസയിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന സൂചനയും നെതന്യാഹു നൽകി.

‘ഞങ്ങളുടെ സേനകളില്‍ ചിലത് വടക്കോട്ടു മാറ്റാന്‍ സാധ്യതയുണ്ട്. ഞങ്ങള്‍ അത് ചെയ്യും. പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ മറ്റ് വഴിതേടും. അത് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്, ആക്രമണം ഭയന്ന് ലബനന്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തവരെ തിരിച്ചെത്തിക്കും,” നെതന്യാഹു പറഞ്ഞു. ലെബനോൻ അതിർത്തിയിലെ ഇസ്രയേലി നഗരങ്ങൾ ശക്തമായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കുടിയൊഴിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എപ്പോഴാണ് ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന അതിശക്തമായ ആക്രമണം അവസാനിപ്പിക്കുകയെന്ന ചോദ്യത്തോടായിരുന്നു വളരെ അടുത്ത് എന്ന് നെതന്യാഹു മറുപടി നൽകിയത്. വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പലസ്തീനിയൻ ഭരണകൂടം ഗാസയിൽ ഹമാസിന് പകരം നിയന്തണം ഏറ്റെടുക്കുന്നതിലുള്ള വിമുഖതയും അദ്ദേഹം പ്രകടിപ്പിച്ചു.