ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ഈ മാസം 22 മുതല്‍ വിമാന സര്‍വീസിന് മന്ത്രിസഭാ അനുമതി. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം. ഇവര്‍ യാത്രക്ക് 72 മണിക്കൂറിനിടെ പിസിആര്‍ പരിശോധന നടത്തിയിരിക്കണം.
ഫൈസര്‍, മേഡേണ, ആസ്ട്രസെനക എന്നിവയുടെ രണ്ട് ഡോസോ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ഒറ്റ ഡോസോ എടുത്തവര്‍ക്കായിരിക്കും പ്രവേശനം നല്‍കുക. ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍, ആസ്ട്രസെനക വാക്‌സിനായി കുവൈത്ത് ജൂലായ് ആദ്യത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കുവൈത്തിന് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം വഴി അനുമതി തേടണം.
കോവിഡ് മഹാമാരി ലോകത്താകമാനം പടർന്നു പിടിച്ച ശേഷം ഫെബ്രുവരി ഏഴിനാണ് പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിര്‍ത്തിവെച്ചത്. ഏപ്രില്‍ 25 ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, ആഗ്‌സത് ഒന്നു മുതല്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്‌ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസിന് അനുമതി നല്‍കിയിരുന്നില്ല.
സാധുവായ വിസ ഉണ്ടായിട്ടും തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലായ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം നൽകുന്നത് ആണ് പുതിയ വാർത്ത.