സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന് മുന്നോടിയായി ഖഷോഗി വധക്കേസ് തുർക്കി കോടതി അവസാനിപ്പിച്ചു

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തുര്‍ക്കി സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസ് തുര്‍ക്കി കോടതി അവസാനിപ്പിച്ചു. ജൂണ്‍ 22നാണ് സൽമാൻ തുര്‍ക്കി സന്ദര്‍ശിച്ചത്. ഇതിന് അഞ്ച് ദിവസം മുമ്പായി ജൂണ്‍ 17ന് തുര്‍ക്കിയിലെ ഇസ്താംബൂള്‍ 11th ഹെവി പീനല്‍ കോര്‍ട്ട് ഖഷോഗ്ജി വധക്കേസ് അവസാനിപ്പിക്കുകയായിരുന്നു.

നിയമപരമായ കാരണങ്ങളാണ് കേസവസാനിപ്പിച്ചതിന് പിന്നില്‍ എന്നാണ് കോടതിയുടെ വിശദീകരണം. കേസിലെ പ്രതികളെ സൗദി റിയാദിലെ ക്രിമിനല്‍ കോടതി വിചാരണ ചെയ്ത് ശിക്ഷ വിധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തുര്‍ക്കിയിലെ വിചരണ അനാവശ്യമാണെന്നുമാണ് ഇസ്താംബൂള്‍ കോടതി പറഞ്ഞത്.റിയാദിലെ ക്രിമിനല്‍ കോടതിയുടെ ഫസ്റ്റ് ജോയിന്റ് ചേംബറില്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഈ പ്രസ്താവന. അതേസമയം, തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സൽമാന്റെ തുര്‍ക്കി സന്ദര്‍ശനം.

അതെ സമയം ബുധനാഴ്ച അങ്കാറ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ 21 തോക്ക് സല്യൂട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളോടെ സ്വീകരിച്ചു. വ്യാപാരം, ഊർജം, പ്രതിരോധം എന്നീ ബന്ധങ്ങളും രാഷ്ട്രീയവും പ്രാദേശികവുമായ സഹകരണവും കൂടിയാലോചനകളും ആഴത്തിലാക്കാനുള്ള ഉദ്ദേശ്യത്തിന് അടിവരയിടുന്നതായിരുന്നു ഇരു സർക്കാരുകളുടെയും തുടർന്നുള്ള സംയുക്ത പ്രഖ്യാപനം.