പുതുവർഷത്തെ വരവേറ്റ്‌ ലോകം

വെടിക്കെട്ടും വർണക്കാഴ്‌ചകളുമായി പുതുവർഷത്തെ വരവേറ്റ്‌ ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിലെ ക്രിതിബതിയാണ്‌ ആദ്യം പുതുവർഷത്തിലേക്ക്‌ കടന്നത്‌. ഇന്ത്യൻ സമയം ഞായർ വൈകിട്ട് 3.30ഓടെയാണ് ഇവിടെ പുതുവർഷമെത്തി. പിന്നാലെ ഇന്ത്യൻ സമയം വൈകിട്ട്‌ 4.30ന്‌ ന്യൂസീലൻഡിലും പുതുവർഷമെത്തി. ഗംഭീര ആഘോഷങ്ങളോടെ ന്യൂസിലൻഡ്‌ 2024നെ പുൽകി. ഓസ്‌ട്രേലിയ, ജപ്പാൻ, ഉത്തര–-ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പുർ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിലും തൊട്ടുപിന്നാലെ പുതിയ വർഷമെത്തി. ഇന്ത്യ, ശ്രീലങ്ക, യുഎഇ, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ ഒരേസമയമാണ്‌ പുതുവർഷമെത്തിയത്‌.

യു എ ഇയിൽ ആറ് റെക്കോര്‍ഡ് ഭേദിക്കുന്ന കരിമരുന്ന് പ്രകടനങ്ങള്‍, ഡ്രോണ്‍ ഷോകള്‍, മിന്നുന്ന പ്രകടനങ്ങള്‍ എന്നിവയോടെ മനോഹരമായി രാജ്യം 2024-ലേക്ക് ചുവടു വെച്ചു. അതേസമയം ഗാസയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യുഎഇയിലെ ഷാർജയിൽ പുതുവത്സരാഘോഷങ്ങൾ ആഘോഷം നിരോധിച്ചിരുന്നു. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്‌ ലണ്ടൻ കേന്ദ്രീകരിച്ച്‌ കൗണ്ട്‌ഡൗൺ ടു സീസ്‌ഫയർ ക്യാമ്പയിൻ തുടങ്ങി.ഇന്ത്യയിലും ഏറെ ആഹ്ലാദത്തോടും ഉത്സവാന്തരീക്ഷത്തിലുമാണ് പുതുവത്സരത്തിന് സ്വാഗതമോതിയത്. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആഘോഷത്തിന്റെ പൊടിപൂരമായിരുന്നു. രാഷ്ട്ര നേതാക്കള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

പതിവുപോലെ കേരളത്തിലെ പ്രധാന പുതുവത്സരാഘോഷം ഫോർട്ട് കൊച്ചയിൽ തന്നെയാണ് നടന്നത്. പരേഡ് ഗ്രൗണ്ടില്‍ പുതുവർഷം ആഘോഷിക്കാൻ നിരവധി ആൾക്കാരാണ് തിങ്ങി നിറഞ്ഞത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം പുതുവർഷം ആഘോഷിക്കാൻ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. കോവളം, ശംഖുംമുഖം, വര്‍ക്കല ബീച്ചുകള്‍ ജനത്തിരക്കില്‍ മുങ്ങി. കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതുവത്സരാഘോഷം നടന്നു.