നേപ്പാളിൽ ഇന്ന് വിധിയെഴുത്ത്

നേപ്പാളിൽ പാർലമെന്റ്‌, പ്രാദേശിക അസംബ്ലി തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. പാർലമെന്റ്‌, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായാണ്‌ നടക്കുന്നത്‌. 1.79 കോടി വോട്ടർമാരാണ്‌ ആകെയുള്ളത്‌. 275 പാർലമെന്റ്‌ സീറ്റിൽ 165 എണ്ണത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ബാക്കി 110 സീറ്റിലേക്ക് ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 550 അസംബ്ലി സീറ്റിൽ 330ലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. 220 പേരെ ആനുപാതികമായാണ്‌ തെരഞ്ഞെടുക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഉടൻ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഏതാനും ദിവസങ്ങൾ കഴിഞ്ഞായിരിക്കും ഫലപ്രഖ്യാപനം.

തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യൻ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌കുമാർ നേപ്പാളിലുണ്ട്‌. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ (യൂണിഫൈഡ്‌ മാർക്‌സിസ്റ്റ്‌–-ലെനിനിസ്റ്റ്‌) 141 പാർലമെന്റ്‌ സീറ്റിലും സിപിഎൻ (മാവോയിസ്റ്റ്‌ സെന്റർ) 46 സീറ്റിലും നേപ്പാളി കോൺഗ്രസ്‌ 91 സീറ്റിലും മത്സരിക്കുന്നുണ്ട്‌.