നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ അറിയിച്ചു. സമീപ ജില്ലകളിൽ നിന്ന് കെട്ടിടങ്ങൾ തകർന്നതിന്റെയും ആളുകൾക്ക് പരി​ക്കേറ്റതിന്റെയും വാർത്തകൾ വരുന്നുണ്ടെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ ഭൂചലനങ്ങളുടെ പരമ്പര അരങ്ങേറിയിരുന്നു. അന്നും ഡൽഹി എൻസിആർ മേഖലയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലും ആറുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നേപ്പാളിൽ അനുഭവപ്പെട്ടിരുന്നു.