‘പ്രകോപനമോ’?ചൈനയുടെ തുടർ മുന്നറിയിപ്പുകൾ അവഗണിച്ച്‌ തയ്‌വാനിൽ പെലോസിയുടെ സന്ദർശനം

ചൈനയുടെ തുടർ മുന്നറിയിപ്പുകൾ അവഗണിച്ച്‌ തയ്‌വാൻ സന്ദർശിച്ചശേഷവും പ്രകോപനം മതിയാക്കാതെ അമേരിക്ക. തയ്‌വാൻ പ്രസിഡന്റ്‌ സായ്‌ ഇങ്‌വെനുമായി കൂടിക്കാഴ്ച നടത്തിയ യുഎസ്‌ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി അമേരിക്ക തയ്‌വാനെ കൈവിടില്ലെന്ന്‌ വ്യക്തമാക്കി. തായ്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തായ്‌വാന്‍ സന്ദര്‍ശനമെന്ന് പെലോസി പറഞ്ഞു.

സൈനികസഹായം നൽകുമെന്ന പ്രഖ്യാപനം ഒഴിവാക്കിയെങ്കിലും തയ്‌വാന്റെ സുരക്ഷ അമേരിക്ക ഉറപ്പാക്കുമെന്ന്‌ പെലോസി വ്യക്തമാക്കി.‘തയ്‌വാന്‌ സ്വയം സംരക്ഷിക്കാനാകുമെന്ന്‌ അമേരിക്ക ഉറപ്പാക്കും. തയ്‌വാന്റെ ജനാധിപത്യത്തിന്‌ എല്ലാ പിന്തുണയുമുണ്ടാകും. അന്താരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ ചൈന തയ്‌വാനെ തടയുകയാണ്‌’–- പെലോസി പറഞ്ഞു. തന്റെ സന്ദർശനം അമേരിക്കൻ വിദേശനയത്തിന്‌ എതിരല്ലെന്നും അവർ വാദിച്ചു.

അതെ സമയം തങ്ങളുടെ ഭാഗമായ തയ്‌വാനിൽ ഇടപെട്ട്‌ അമേരിക്ക പ്രകോപനം തുടരുകയാണെന്നും ചൈന ഇതിന്റെ ഇരയാണെന്നും ചൈനീസ്‌ വിദേശമന്ത്രാലയം പറഞ്ഞു. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനല്‍കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.