ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ

ഇന്ത്യൻ വംശജനായ ഋഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി. നിലവിൽ 140ൽ ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിൽനിന്ന് ബോറിസ് ജോൺസൺ പിൻമാറിയതോടെയാണ് ഋഷി സുനാക്കിന് നറുക്കു വീഴാൻ കാരണമായിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെയാണ് ഋഷിക്ക് വീണ്ടും സാധ്യതയേറിയത്. ഇപ്പോൾ പെന്നി മോർഡൗണ്ടുമായാണ് റിഷി സുനകിന്‍റെ പോരാട്ടം. എന്നാൽ ഋഷിക്ക് ലഭിക്കുന്നയത്രയും എംപിമാരുടെ പിന്തുണ പെന്നിക്ക് ഇല്ല്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എംപിമാരുടെ പിന്തുണയിൽ സുനക് മുന്നിലാണ്. ബിബിസിയുടെ കണക്കനുസരിച്ച്, നിലവിൽ 146 ടോറി നിയമനിർമ്മാതാക്കളുടെ പൊതു പിന്തുണ അദ്ദേഹത്തിനുണ്ട്. ജോൺസണ് പരസ്യമായി ലഭിച്ച പിന്തുണ 57-ഉം മൊർഡോണ്ടിന് 23-ഉം ആയിരുന്നു.

ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനുള്ള കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ ഋഷി സുനക് ഒരു പടി കൂടി അടുത്തു. ദീപാവലി ദിനത്തിൽ തന്നെ ഋഷി സുനകിന്‍റെ വിജയമുണ്ടാാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ.