ബൈഡന്റെ അനുമതിക്ക് പിന്നാലെ റഷ്യയിലേക്ക് മിസൈലുകൾ പായിച്ച് യുക്രൈൻ

ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ രാജ്യത്തേക്ക് ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രൈൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ആണ് യുക്രൈൻ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുദ്ധസഹായമായി അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച്‌ റഷ്യയെ ആക്രമിക്കാൻ യുക്രൈന് ജോ ബൈഡൻ അനുമതി നൽകിയിരുന്നു. റഷ്യ–- യുക്രൈൻ യുദ്ധത്തിന്‌ ചൊവ്വാഴ്ച 1000 ദിവസം തികയുന്ന അവസരത്തിലാണ്‌ അമേരിക്കൻ പ്രസിഡന്റിന്റെ പ്രധാന തീരുമാനം കൈക്കൊണ്ടത്. 306 കിലോമീറ്റർവരെ അകലെയുള്ള ലക്ഷ്യം വേധിക്കാകുന്ന ആർമി ടാക്ടിക്കൽ മിസൈൽ സിസ്‌റ്റം ഉപയോഗിക്കാനാണ്‌ അനുമതി നൽകിയത്‌.

മിസൈലുകൾ സ്വയം സംസാരിക്കുമെന്ന്‌ യുക്രൈൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യക്കുള്ളിലെ സൈനികതാവളങ്ങൾ ആക്രമിക്കാൻ ദീർഘദൂര മിസൈൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നത്‌ ഉക്രയ്‌ന്റെ ദീർഘകാല ആവശ്യമായിരുന്നു. അതെ സമയം ബൈഡന്റെ തീരുമാനം യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന്‌ റഷ്യൻ വക്താവ്‌ ദിമിത്രി പെസ്കോവ്‌ പറഞ്ഞു. നാറ്റോ അംഗമായ അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യയുമായി നേരിട്ട്‌ യുദ്ധത്തിലാണെന്ന്‌ കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://twitter.com/NewsHour/status/1858659941470318743