‘ഭയപ്പെടേണ്ടതില്ല, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ’ ; ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് പ്രതിസന്ധിയിൽ പ്രതികരണവുമായി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമമെന്നത് ഊതിവീർപ്പിച്ച പ്രചാരണമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലേദശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്. സാഹചര്യം തിരിച്ചറിയാൻ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ബംഗ്ലാദേശ് പൂർവസ്ഥിതിയിലെത്താൻ ഇന്ത്യയുടെ സഹകരണം വേണമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

വിദ്യാർത്ഥി പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് വരെ കാര്യങ്ങളെത്തിച്ച ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ ജീവിതം ഭയാശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യ – ബംഗ്ലാദേശ് അതിർത്തി ജില്ലകളിൽ കഴിയുന്നത്. നിരവധി ബംഗ്ലാദേശ് പൗരന്മാരെ ഉദ്ധരിച്ച് സ്കോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരെയും ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ദിനപ്പത്രമായ പ്രോതം അലോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ അതിർത്തി തുറന്ന് ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ആവശ്യവും മതന്യൂനപക്ഷങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.