യു.എസിലേക്കുള്ള കുടിയേറ്റം തടയുമെന്ന് സമ്മതിച്ചതായുള്ള നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി മെക്സിക്കോ. അമേരിക്കൻ അതിർത്തികൾ അടക്കില്ലെന്നും സർക്കാരും ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷെയ്ൻബോം പാർദോ വ്യക്തമാക്കി. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ കാനഡയുടെയും മെക്സികോയുടെയും ഇറക്കുമതിക്ക് നികുതി കുത്തനെ ഉയർത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാരുടെ വാദപ്രതിവാദം.
മെക്സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം നിർത്താൻ ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം ട്രംപിന്റെ അനുകൂലികൾ ചില വാർത്തകൾ പുറത്ത് വിട്ടിരുന്നു. അതെ സമയം തെക്കൻ അതിർത്തി വഴിയുള്ള കുടിയേറ്റക്കാരുടെയും നിരോധിത മയക്കുമരുന്നിൻ്റെയും ഒഴുക്ക് തടയാൻ മെക്‌സിക്കോ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നത് നേരത്തെ മുതൽ ട്രംപ് ആരോപിച്ചിരുന്നു . മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്ക് വൻതോതിൽ എത്തുന്ന ഫെൻ്റനൈലിന് 10% അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മെക്സിക്കോയിൽ അനധികൃത ഫെൻ്റനൈൽ നിർമ്മിക്കുകയും തുടർന്ന് മയക്കുമരുന്ന് മാഫിയകൾ അത് അതിർത്തി കടത്തുകയും ചെയ്യുന്നുവെന്നാണ് ദീഘകാലമായി അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഹെറോയിനേക്കാൾ 50 മടങ്ങ് വരെ ശക്തിയുള്ളതും ചെറിയ അളവിൽ മാരകമായേക്കാവുന്നതുമായ ഒരു സിന്തറ്റിക് ഒപിയോയിഡായ ഫെൻ്റനൈൽ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവനാണ് ഇതുവരെ അപഹരിച്ചത്.