ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപണം. സംഭവത്തില്‍ വിമര്‍ശനവുമായി ചില ബ്രിട്ടീഷ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നില്‍ കമ്യൂണിറ്റി ലീഡര്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പടെ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി നൃത്തം എന്നിവയുള്‍പ്പടെ ഒരുക്കിയിരുന്നു. പരിപാടിയില്‍ കെയര്‍ സ്റ്റാര്‍മര്‍ സംസാരിക്കുകയും ചെയ്തു.
മട്ടൺ കബാബ്, ബിയർ, വൈൻ എന്നിവ ഉൾപ്പെടുന്ന ഡിന്നർ മെനു അതിഥികളിൽ നിന്ന് തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. മുൻ വർഷങ്ങളിൽ, ഋഷി സുനക് ആഘോഷം നടത്തിയപ്പോൾ, ദീപാവലി മെനുവിൽ മാംസവും മദ്യവും ഒഴിവാക്കിയിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഹിന്ദു നേതാവ് സതീഷ് കെ ശർമ്മ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നടപടിയെ ശക്തമായി വിമർശിച്ചു. കഴിഞ്ഞ 14 വർഷമായി 10 ഡൗണിംഗ് സ്ട്രീറ്റിൽ ദിപാവലി ആഘോഷം നടക്കാറുണ്ടെന്നും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നും എക്‌സിൽ പങ്കിട്ട ഒരു വീഡിയോ പ്രസ്താവനയിൽ ശർമ്മ പറഞ്ഞു.
ബ്രിട്ടീഷ് ഹിന്ദുക്കളുടെ മറ്റൊരു സംഘടനയായ ഇൻസൈറ്റ് യുകെയും ഒരു ഓൺലൈൻ പോസ്റ്റിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. മാംസവും മദ്യവും കൊണ്ട് ഒരു പവിത്രമായ ആഘോഷം നശിപ്പിച്ചെന്നായിരുന്നു ഇൻസൈറ്റ് യുകെയുടെ പ്രതികരണം. എന്നാൽ കമ്യൂണിറ്റി നേതാക്കളിൽ നിന്നടക്കം ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.