ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ ഡോ. മസൂദ് പെസെഷ്‌കിയാൻ മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലിയെ പിന്തള്ളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നടന്നു കയറിയത്. ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതിൽ 16.3 ദശലക്ഷം വോട്ട് മസൂദ് പെസെഷ്‌കിയും 13.5 ദശലക്ഷം വോട്ട് സയീദ് ജലീലിയും നേടി. ജൂൺ 28 ന് നടന്ന തിരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് മസൂദ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിന് പിന്നാലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു. നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള്‍ പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയെന്നതാണ് ആദ്യ നടപടിക്രമം. ഇതനുസരിച്ചായിരുന്നു മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡൻ്റായത്. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
പേരെടുത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തബ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗമായ ഇറാന്റെ ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍നിന്നുള്ളയാളാണ് മസൂദ്.