മാലദ്വീപ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) വന്‍ വിജയത്തിലേക്ക്. ആകെയുള്ള 93 സീറ്റുകളില്‍ 67ലും പി.എന്‍.സിയാണ് ജയിച്ചത്. 12 സീറ്റുകളില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലീഡ്. മികച്ച ലീഡുള്ള സാഹചര്യത്തിൽ അറുപതിലധികം സീറ്റുകൾ വിജയിച്ച് കൊണ്ട് പി എൻ സി പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തന്നെ ആണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഒരാഴ്ചയോളം എടുക്കും. മെയ് ആദ്യത്തിലായിരിക്കും പുതിയ അസംബ്ലി പ്രാബല്യത്തില്‍ വരിക.
കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് മുയിസുവിന്റെ വിദേശ നയം ജനം സ്വീകരിക്കുമോ എന്നതുകൂടിയാണ് തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രധാനമായും ഉന്നയിച്ചത് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളായിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയോടുള്ള മൃദുസമീപനം ഉപേക്ഷിക്കുകയും ചൈനയോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്ന നയങ്ങളായിരുന്നു മുയ്‌സു നടപ്പാക്കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്.