ഇറാനിൽ മതകാര്യപൊലീസിന്റെ കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മഹ്സ അമിനി എന്ന യുവതിയാണ് മരിച്ചത്. സ്ത്രീകൾ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമൊക്കെയാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം അറിയിക്കുന്നത്. പലരും ഈ പ്രതിഷേധങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ത്രീകൾ പുരുഷന്മാരുടെ വേഷം ധരിച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.
ടെഹ്റാന്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് ‘ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം, ‘ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. മുഖാവരണം മാറ്റി സ്ത്രീകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാനും സമരനേതാക്കള്‍ ആഹ്വാനം ചെയ്തു. കുര്‍ദ്ദിഷ് വംശജയാണ് മരിച്ച മഹ്സ അമിനി.
അമിനിയുടെ ജന്മനാടായ സാഖസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലും സമീപ നഗരങ്ങളിലും നിന്നുമാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും എത്തുന്നത്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന് മുദ്രവാക്യം വിളിച്ചാണ് തെരുവുകളില്‍ സ്ത്രീകൾ പ്രതിഷേധിക്കുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കെതിരെ മുദ്രാവാക്യം വിളിച്ച് നിരവധി സ്ത്രീകളാണ് തെരുവുകളില്‍ വച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. പ്രതിഷേധം പ്രാദേശിക തലസ്ഥാനമായ സനന്ദജിലേക്ക് വ്യാപിക്കുകയും രാത്രി വൈകിയും നീണ്ടു നിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നത്. പിന്നാലെയാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് മഹ്സ അമിനിയെ പിടികൂടിയത്. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സയെ അറസ്റ്റ് ചെയ്തത്. അമിനിയുടെ സംസ്കാരം നടന്ന ജൻമനാടായ സാഖസിലും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ സംഘടിച്ചു. തടങ്കലിലുള്ള മറ്റു സ്ത്രീകൾക്കൊപ്പം കഴിയുമ്പോൾ അമിനി കുഴഞ്ഞുവീണാണു മരിച്ചതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, അറസ്റ്റു ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി.