ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ട‌പ്പെട്ട് മക്രോണ്‍: ഇടതുസഖ്യം മുഖ്യപ്രതിപക്ഷം

ഫ്രഞ്ച്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ്‌ പൂർത്തിയായപ്പോൾ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ നയിക്കുന്ന മധ്യ മുന്നണി എൻസെംബിളിന്‌ കേവലഭൂരിപക്ഷം നേടാനായില്ല. 577 അംഗ നാഷണൽ അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന്‌ 289 സീറ്റ്‌ വേണം. മാക്രോണ്‍ സഖ്യം നേടിയത് 245 സീറ്റ്‌ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം സീറ്റുണ്ടായിരുന്നു. കഴിഞ്ഞ തവണ എട്ടു സീറ്റ്‌ മാത്രമുണ്ടായിരുന്ന തീവ്രവലത്‌ നേതാവ്‌ മരീൻ ലെ പെന്നിന്റെ നാഷണൽ റാലി ഇത്തവണ 89 സീറ്റ്‌ നേടി. അതെ സമയം ഴാൺ ലൂക്‌ മെലൻഷോയുടെ നേതൃത്വത്തിലുള്ള നാല്‌ ഇടതുപക്ഷ പാർടിയുടെ സഖ്യമായ ന്യൂപ്‌സ്‌ 131 സീറ്റ്‌ നേടി മുഖ്യപ്രതിപക്ഷമായി.

ആദ്യമായാണ്‌ ഇടതുപക്ഷ പാർടികൾ സഖ്യമുണ്ടാക്കി പാർലമെന്റ്‌ തെരഞ്ഞെടുപ്പ് നേരിട്ടത്‌. മെലാൻഷോയുടെ ഫ്രാൻസ്‌ അൺബൗഡ്‌, ഗ്രീൻസ്‌, സോഷ്യലിസ്‌റ്റ്‌സ്‌, കമ്യൂണിസ്‌റ്റ്‌ പാർടികൾ ഉൾക്കൊണ്ടതാണ്‌ തെരഞ്ഞെടുപ്പ്‌ സഖ്യമായ ന്യൂപ്‌സ്‌. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മക്രോയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.മക്രോണിന് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം കിട്ടാതിരുന്നാല്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ അത് അസ്ഥിരത സൃഷ്ടിക്കും.സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, ഴാങ് ലക് മെലന്‍കോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാന്‍സ്, അണ്‍ബൗഡ് പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ സഖ്യത്തിലായതോടെ മക്രോണിന് വലിയ വെല്ലുവിളി നേരിടേണ്ടി വരികയായിരുന്നു.