എൻഎച്ച്എസ്സിന് നേരെ സൈബർ ആക്രമണം; ലണ്ടനിലെ ആശുപത്രികളിൽ ജി പി സർവീസ്താളം തെറ്റി, ശസ്ത്രക്രിയകൾ മുടങ്ങി

എൻ എച് എസ്സിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് ലണ്ടനിലെ ആശുപത്രികളിൽ പ്രതിസന്ധി. ഇതേ തുടർന്ന് ശസ്ത്രക്രിയകളും എമർജൻസി ചികിത്സകളും മുടങ്ങി. കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ഉൾപ്പടെ ലണ്ടനിലെ പ്രധാന ആശുപത്രികൾ ‘ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. സൈബർ ആക്രമണത്തെ തുടർന്ന് ഓൺലൈൻ വഴി ഡാറ്റകൾ ലഭിക്കാത്തതാണ് കാരണം. . ദക്ഷിണ ലണ്ടനിലെ പ്രധാന ആശുപത്രികൾക്ക്‌ രോഗനിർണയത്തിനായുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകുന്ന സിനോവിസ്‌ കമ്പനിക്ക്‌ നേരെയാണ്‌ വൈറസ്‌ ആക്രമണമുണ്ടായത്.

പ്രമുഖ ആശുപത്രികൾ സൈബർ ആക്രമണത്തെത്തുടർന്ന് ഓപ്പറേഷനുകൾ റദ്ദാക്കുകയും അത്യാഹിത യൂണിറ്റിലെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. അടിയന്തരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയച്ച് പ്രശ്നം പരിഹരിക്കുന്നതുവരെ കാത്തിരിക്കുവാനും പ്രമുഖ ആശുപത്രികൾ നിർദേശം നൽകി. സിനോവിസുമായി പങ്കാളിത്തമുള്ള എൻഎച്ച്എസ് ആശുപത്രികളെയാണ് ഈ പ്രശ്‌നം രൂക്ഷമായി ബാധിച്ചിട്ടുള്ളത്.

കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയും നിരവധി പ്രാഥമിക ഹെൽത്ത് സെന്ററുകളും പ്രശ്‌നം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 2017ൽ രാജ്യത്തെയാകെ എൻഎച്ച്‌എസ്‌ ആശുപത്രികളിലെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം സൈബർ ആക്രമണത്തിൽ നിലച്ചിരുന്നു..അതെ സമയം റഷ്യൻ സൈബർ കുറ്റവാളികൾ ആണ് ഈ ആക്രമണത്തിന് പിന്നിൽ എന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോട്ട് ചെയ്തിട്ടുണ്ട്.